കാസർഗോഡ്: കാറഡുക്ക സൊസൈറ്റി തട്ടിപ്പിൽ പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ. കോഴിക്കോട് അരക്കിണർ സ്വദേശി വി നബീൽ ആണ് പിടിയിലായത്. രണ്ടുകോടിയോളം രൂപ ഇയാളുടെ അക്കൗണ്ടിൽ എത്തിയതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇന്ന് രാവിലെയാണ് നബീൽ പോലീസിന്റെ പിടിയിലാകുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിലാണ് സെക്രട്ടറി കർമംതൊടിയിലെ കെ രതീശനെതിരെ പോലീസ് കേസെടുത്ത്.
സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഒളിവിലായിരുന്ന ഇവരെ തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് മൂന്നാമനെ കുറിച്ച് വിവരം കിട്ടിയത്. നബീൽ ആണ് സാമ്പത്തിക ഇടപാടുകൾക്ക് ഇടനിലക്കാരൻ എന്നാണ് മൊഴി.
ജബ്ബാർ വഴിയാണ് രണ്ടുകോടിയോളം രൂപ നബീലിന്റെ അക്കൗണ്ടിൽ എത്തിയതെന്നാണ് കണ്ടെത്തൽ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസ് ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ ഇയാളുടെ മൂന്ന് പങ്കാളികളെ ആദൂർ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. രതീശൻ സൊസൈറ്റിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം നേരത്തെ അറസ്‌റ്റിലായ അനിൽകുമാർ, ഗഫൂർ, ബഷീർ എന്നിവരുടെ സഹായത്തോടെ പണയം വെച്ചിരുന്നു. ഇതിൽ 185 പവൻ അന്വേഷണ സംഘം വിവിധ ബാങ്കുകളിൽ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ട്.
പ്രസിഡണ്ട് ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പി നൽകിയ പരാതിയിലാണ് പോലീസ് നടപടി ആരംഭിച്ചത്. ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ രതീശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ