കോഴിക്കോട്: രാജ്യത്തെ വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ പട്ടികയിൽ കരിപ്പൂരും. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂർ വിമാനത്താവളവും ഉൾപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കും. 2023 ഓടുകൂടി വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് തീരുമാനം.
ഇതോടെ വിമാനത്താവളത്തിന്റെ ഇതുവരെയുള്ള ആസ്തികളെല്ലാം സ്വകാര്യ മേഖല ഏറ്റെടുക്കും. കരിപ്പൂർ കൈമാറ്റത്തിലൂടെ 562 കോടി സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദേശീയ പാതയടക്കം ആറുലക്ഷം കോടി മൂല്യമുള്ള പൊതുമുതലാണ് സ്വകാര്യ മേഖലക്ക് നിബന്ധനകളോടെ കൈമാറ്റം ചെയ്യുന്നത്. പദ്ധതിയിൽ വ്യോമയാന മേഖലയിൽ നിന്ന് മാത്രം 20,782 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപയുടെ ആസ്തികളാണ് നൽകുക. ഇക്കൊല്ലം 80,000 കോടി രൂപയാണ് ലക്ഷ്യം. 2025 വരെ തുടർന്നുള്ള വർഷങ്ങളിൽ ഒന്നരലക്ഷം കോടി വീതം സമാഹരിക്കും. രാജ്യത്തെ 25 വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരും ഉൾപ്പെട്ടിരിക്കുന്നത്. കരിപ്പൂരിന് പുറമെ ചെന്നൈ, തിരുപ്പതി, കോയമ്പത്തൂർ വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കും.
Read Also: ഓണം കഴിഞ്ഞിട്ടും വയനാട്ടിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്







































