ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ തന്റെ മുഖ്യമന്ത്രി സ്‌ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചു. യെദിയൂരപ്പ സർക്കാർ അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സഭയിൽ വികാരാധീനനായാണ് അദ്ദേഹം സ്വയം രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. കൂടാതെ ഇന്ന് ഉച്ചക്ക് ശേഷം ഗവർണറെ കണ്ട് രാജികത്ത് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കർണാടക നേതൃസ്‌ഥാനത്ത് നിന്നും യെദിയൂരപ്പയെ മാറ്റാൻ കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്. ‘കര്‍ണാടകയില്‍ ബിജെപി വളര്‍ന്നു. എനിക്ക് എപ്പോഴും അഗ്‌നി പരീക്ഷയായിരുന്നു. ഈ രണ്ടുവര്‍ഷം അത് കോവിഡിന്റെ രൂപത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് ഞാന്‍ രാജിവെക്കും’ എന്നാണ് യെദിയൂരപ്പ സഭയിൽ വ്യക്‌തമാക്കിയത്.
കർണാടക മുഖ്യമന്ത്രി പദവിയിലേക്ക് ഇനി ആരാകും എത്തുകയെന്ന് കേന്ദ്രനേതൃത്വം ആയിരിക്കും തീരുമാനം എടുക്കുക. പാർട്ടിക്ക് ഉള്ളിൽ നിന്ന് തന്നെ യെദിയൂരപ്പക്ക് എതിരെ വിമർശനങ്ങൾ ഉയർന്ന പശ്‌ചാത്തലത്തിൽ, ഈ മാസം ആദ്യം അദ്ദേഹം പ്രധാനമന്ത്രിയുമായും, ബിജെപിയിലെ മറ്റ് മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചർച്ചയിൽ രാജി വെക്കുന്നതിന് പകരമായി അദ്ദേഹം ചില ഉപാധികൾ മുന്നോട്ട് വച്ചതായും സൂചനകൾ ഉണ്ട്.
78കാരനായ യെദിയൂരപ്പ 2019 ജൂലൈ മാസത്തിലാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി അധികാരത്തിൽ എത്തിയത്. തുടർന്ന് രണ്ട് വർഷത്തെ അധികാരത്തിന് ശേഷമാണ് അദ്ദേഹം തന്റെ മുഖ്യമന്ത്രി സ്‌ഥാനം രാജി വെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Read also : ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി