ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിൽ ഭാര്യ പല്ലവി അറസ്‌റ്റിൽ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓം പ്രകാശും ഭാര്യയും തമ്മിൽ സ്വത്തിന്റെ പേരിൽ തർക്കങ്ങളുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് സംശയിക്കുന്നത്.
ഓം പ്രകാശിനെ കൊലപ്പെടുത്തിയ വിവരം പല്ലവി ആദ്യം അറിയിച്ചത് ഐപിഎസുകാരന്റെ ഭാര്യയെയാണ്. കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്‌ഥന്റെ ഭാര്യയെ വീഡിയോ കോൾ വിളിച്ചാണ് പല്ലവി കൊലപാതകവിവരം അറിയിച്ചത്. വൈകിട്ട് 4.30ഓടെ വീഡിയോ കോൾ ചെയ്‌ത് ‘ഞാനൊരു മോൺസ്‌റ്ററെ കൊന്നു’ എന്ന് പല്ലവി പറഞ്ഞു.
ഈ സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോൾ പല്ലവിയും മകളും വാതിൽ തുറന്നില്ല. ബലംപ്രയോഗിച്ചാണ് പോലീസ് വീട്ടിനുള്ളിൽ കയറിയത്. ഓം പ്രകാശിന് ദണ്ഡേലിയിൽ കുറച്ചു സ്വത്തുണ്ടായിരുന്നു. ഇത് അദ്ദേഹം സഹോദരിയുടെ പേരിലാണ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഇതിന്റെ പേരിൽ പല്ലവി വഴക്കുണ്ടാക്കിയിരുന്നു.
സഹോദരിയെ കുറിച്ച് സംസാരിക്കരുതെന്ന് പല്ലവിയെ ഓം പ്രകാശ് താക്കീത് ചെയ്‌തിരുന്നെന്നും പോലീസ് പറയുന്നു. മറ്റുചില സ്വത്തുക്കൾ മകന്റെ പേരിലും ഓംപ്രകാശ് എഴുതിവെച്ചിരുന്നു. മകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഓം പ്രകാശിനെ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരത്തിൽ ആറ് കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുംബത്തിന് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പല്ലവിയെയും മകളെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
ബിഹാർ സ്വദേശിയായ ഓം പ്രകാശ് 2015 മുതൽ 17 വരെയാണ് കർണാടക പോലീസ് മേധാവിയായി സേവനമനുഷ്‌ഠിച്ചത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ