കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ ദൗത്യം പുനരാരംഭിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകി. ഗോവയിൽ നിന്ന് ഡ്രഡ്‌ജർ കൊണ്ടുവരാനുള്ള ചിലവ് പൂർണമായും സംസ്‌ഥാന സർക്കാർ വഹിക്കും.
ഇത് സംബന്ധിച്ച് അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി. ഡ്രഡ്‌ജർ കൊണ്ടുവരാൻ ഒരുകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഡ്രഡ്‌ജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ പുനരാരംഭിക്കണമെന്നാണ് ഇന്ന് നടന്ന കൂടിക്കാഴ്‌ചയിൽ അർജുന്റെ കുടുംബം ആവശ്യപ്പെട്ടത്. അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീഷ് സെയ്‌ൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രഡ്‌ജിങ് നടത്താതെ തിരച്ചിൽ സാധ്യമാകില്ല. അതേസമയം, ദുരന്തനിവാരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ സംഘം ഇന്ന് രാത്രി പത്ത് മണിക്ക് കാണും. എത്രയും പെട്ടെന്ന് ഡ്രഡ്‌ജർ കൊണ്ടുവരാൻ നടപടി ഉണ്ടാവുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്‌ജറാണ് ഗോവയിൽ നിന്ന് എത്തിക്കുന്നത്.
15 അടി താഴ്‌ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രഡ്‌ജറിന് സാധിക്കും. കൂടിക്കാഴ്‌ചയിൽ സംതൃപ്‌തി ഉണ്ടെന്ന് അർജുന്റെ ബന്ധു ജിതിൻ പ്രതികരിച്ചു. ഡ്രഡ്‌ജർ കൊണ്ടുവരുമെന്ന് ഉറപ്പ് കിട്ടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ