കരുനാഗപ്പള്ളി: കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകർത്ത് സിആർ മഹേഷ് എംഎൽഎ. അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്തി ചെയ്തത്. അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും എടുക്കാനായിരുന്നു വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയതെന്നും, കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും എംഎൽഎ പറഞ്ഞു.
വസ്തുക്കൾ എടുത്ത ശേഷം എംഎൽഎ വീട് പൂട്ടി താക്കോൽ ധനകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചു. നിലവിൽ അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ്. കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റുമെന്ന് എംഎൽഎ ഉറപ്പ് നൽകി.
എസ്എസ്എൽസി മികച്ച നിലയിൽ പാസായ മൂത്ത മകളുടെ സർട്ടിഫിക്കറ്റും ആറാം ക്ളാസുകാരിയായ രണ്ടാമത്തെ മകളുടെ പുസ്തകങ്ങളും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള ആൺകുട്ടിയുടെ പാൽക്കുപ്പിയും വസ്ത്രങ്ങളും പോലും എടുക്കാൻ അനുവദിക്കാതെയാണ് വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്ന് കുടുംബം പറയുന്നു.
മകളുടെ പ്ളസ് വൺ പ്രവേശനത്തിന് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോൾ ഇവരുടെ അഭ്യർഥന അനുസരിച്ചാണ് എംഎൽഎ വിഷയത്തിൽ ഇടപെട്ടത്. വിദേശത്ത് ജോലി ചെയ്തിരുന്ന അനിമോൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീട് വാങ്ങിയത്. ഇതിൽ ആറരലക്ഷം രൂപ തിരിച്ചടച്ചെന്ന് പറയുന്നു.
ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിന് ചികിൽസിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. ഭാര്യയുടെ ഒരു കണ്ണിന് കാഴ്ചത്തകരാറുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നു.
Most Read| നിരാശ അറിയിച്ചു; നിലപാട് മാറ്റി കൊളംബിയ, ഇന്ത്യക്ക് പിന്തുണ