മൂവാറ്റുപുഴ: തന്റെ കട ബാധ്യത തീര്‍ക്കാന്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ടെന്ന് വ്യക്‌തമാക്കി അജേഷ്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ രംഗത്തെത്തിയതെന്നും സംഭവത്തില്‍ അവര്‍ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിട്ടുണ്ടെന്നും അജേഷ് പറഞ്ഞു.
ഇപ്പോൾ ബാങ്കിന് സംഭവിച്ച വീഴ്‌ച മറക്കാനാണ് ജീവനക്കാര്‍ തനിക്ക് സഹായ വാഗ്‌ദാനങ്ങളുമായി രംഗത്തെത്തിയതെന്ന് പറഞ്ഞ അജേഷ് ബാങ്ക് ജീവനക്കാരുടെ പണം നിരസിക്കുകയാണെന്നും വ്യക്‌തമാക്കി.
അജേഷിന്റെ വാക്കുകൾ: ‘ബാങ്ക് ജീവനക്കാരുടെ ആ പണം ഞാന്‍ നിരസിക്കുകയാണ്. ഇതുവരെ എന്നെ അവര്‍ ബന്ധപ്പെട്ടിട്ടില്ല. മാത്രമല്ല, ഇതുവരെ എന്നെ ഒരുപാട് നാണം കെടുത്തിയവരാണ് അവര്‍. ഈ ദയ നേരത്തെ കിട്ടിയിരുന്നെങ്കില്‍ ഈ നാണകേട് ഒഴിവായി കിട്ടുമായിരുന്നു.
പണം വാങ്ങി മുങ്ങി നടക്കുന്ന ആളെ പോലെയാണ് അവര്‍ എന്നെ ചിത്രീകരിച്ചത്. കട ബാധ്യത തീര്‍ക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉറപ്പ് നല്‍കിയിട്ടുണ്ട്. പണം അടക്കാമെന്ന് ജീവനക്കാര്‍ അറിയിച്ചതിന് ശേഷം മാത്യു കുഴല്‍നാടന്‍ എന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇന്നോ നാളെയോ ആയിട്ട് കാര്യങ്ങള്‍ ചെയ്യാമെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിട്ടുണ്ട്. ഏറ്റത് അദ്ദേഹം ചെയ്യും.’
നേരത്തെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലാണ് അജേഷിന്റെ വായ്‌പാ കുടിശിക കോ- ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) തിരിച്ചടച്ചെന്ന് അറിയിച്ചത്.
ശനിയാഴ്‌ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്‌തി ചെയ്‌തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിൽ ആയിരിക്കെ, വീട്ടിൽ ഇവരുടെ മക്കൾ മാത്രം ഉള്ളപ്പോഴാണ് ബാങ്ക് ഉദ്യോഗസ്‌ഥർ വീട് ജപ്‌തി ചെയ്‌തത്. സംഭവം അറിഞ്ഞ് എത്തിയ മാത്യു കുഴല്‍നാടന്‍ വാതിൽ പൊളിച്ച് കുട്ടികൾക്ക് വീട് തുറന്നു കൊടുക്കുകയായിരുന്നു. വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്നും എംഎൽഎ അറിയിച്ചിരുന്നു.
Most Read: മുട്ടിൽ മരംമുറി കേസ്; ആരോപണ വിധേയനായ എൻടി സാജന്റെ നിയമനത്തിന് സ്‌റ്റേ