ചേലക്കര: മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ലെന്ന കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടന്റെ പ്രസ്‌താവനക്ക് മറുപടിയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കുഴൽനാടന്റെ പ്രസ്‌താവന തരം താണതാണ്. കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
മാത്യു കുഴൽനാടൻ എംഎൽഎ നിലയും വിലയുമില്ലാത്തവനാണ്. പറയുന്നത് ജാതി രാഷ്‌ട്രീയമാണ്. കുഴൽനാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയത്. ഇത്തരം തരംതാണ പ്രസ്‌താവനയിലൂടെ കുഴൽനാടൻ വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നു. ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ല. കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
കെ രാധാകൃഷ്‌ണനെ എംപി ആക്കിയത് വഴി മന്ത്രിസഭയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പ്രതിനിധി ഇല്ലാതായി എന്നും ആരും ചോദിക്കാനില്ല എന്ന ധൈര്യത്തിൽ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നുമാണ് മാത്യു കുഴൽനാടൻ പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കിള്ളിമംഗലം ചെറങ്കോണം ഒലിപ്പാറയിൽ കുടുംബസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഎംഎസ് മന്ത്രിസഭയിൽ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതാണ് പിണറായി വിജയൻ ഇപ്പോൾ ഇല്ലാതാക്കിയത്. ഏതെങ്കിലും കാരണവശാൽ പിണറായി രാജിവെക്കേണ്ടി വന്നാൽ സിപിഎമ്മിൽ നിന്ന് മുഖ്യമന്ത്രി ആകേണ്ടത് കെ രാധാകൃഷ്‌ണനാണെന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നുതന്നെ മാറ്റിനിർത്തിയത്. പകരം ആ വിഭാഗത്തിൽ നിന്ന് ഒരാളെ മന്ത്രിയാക്കുമെന്ന് പറയാൻ പിണറായിക്ക് ധൈര്യമില്ലെന്നും കുഴൽനാടൻ പറഞ്ഞിരുന്നു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ