കൊച്ചി: മൂവാറ്റുപുഴയിലെ അജേഷിന്റെ വായ്‌പാ കുടിശിക അടച്ചുതീര്‍ത്ത് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു). കുടിശിക വന്ന മുഴുവന്‍ തുകയും അടച്ചതായി ബാങ്ക് ജീവനക്കാര്‍ അറിയിച്ചു.
നേരത്തെ മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വായ്‌പാ കുടിശിക ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പായി തന്നെ സിഐടിയു അജേഷിന്റെ കുടിശിക അടച്ചു തീര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബാങ്ക് ജീവനക്കാരെത്തി അജേഷിന്റെ വീട് ജപ്‌തി ചെയ്‌തത്. അജേഷും ഭാര്യയും ആശുപത്രിയിലായിരിക്കെ ആയിരുന്നു ജപ്‌തി നടപടികൾക്കായി ബാങ്ക് അധികൃതര്‍ എത്തിയത്. ഈ സമയം ഇവരുടെ നാല് കുട്ടികൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ നടപടികളുമായി അധികൃതർ മുന്നോട്ട് പോവുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
ബാങ്കുകാര്‍ വീട് ജപ്‌തി ചെയ്‌തതോടെ നാലു കുട്ടികളും പെരുവഴിയിലായി. കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് നടപടി പൂര്‍ത്തിയാക്കിയത്. നാട്ടുകാര്‍ സാവകാശം ചോദിച്ച് അഭ്യര്‍ഥന നടത്തിയെങ്കിലും ഉദ്യോഗസ്‌ഥര്‍ വീട് പൂട്ടി മടങ്ങി. തുടർന്ന് വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി. പണമടക്കാന്‍ സാവകാശം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് ജപ്‌തി നടപടിയെന്നായിരുന്നു ബാങ്ക് എംഎല്‍എയെ അറിയിച്ചത്. രാത്രി എട്ടരയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധം ആരംഭിച്ചത്. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. എന്നാല്‍, രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.
ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അജേഷ്. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയോളമാണ് കുടുംബത്തിന് കുടിശികയായി ഉണ്ടായിരുന്നത്.
Most Read: തൃശൂരിൽ നടുറോഡിൽ വെച്ച് വിദ്യാർഥിനികളെ പ്രധാനാധ്യാപിക മർദ്ദിച്ചതായി പരാതി