കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം

നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ് കോതമംഗലം ടൗണിൽ പ്രതിഷേധം നടത്തിയത്

By Trainee Reporter, Malabar News
Mathew-Kuzhalnadan
മാത്യു കുഴൽനാടൻ
Ajwa Travels

തൊടുപുഴ: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്‌ത ഇരുവർക്കും ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഇടക്കാല ജാമ്യം ലഭിക്കുന്നത്. കേസ് ഇന്ന് തന്നെ തുറന്ന കോടതിയിൽ വീണ്ടും പരിഗണിക്കും.

നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ് കോതമംഗലം ടൗണിൽ പ്രതിഷേധം നടത്തിയത്. റോഡ് ഉപരോധത്തിനിടെ ഡീൽ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേർത്തു. മാത്യു കുഴൽനാടനാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങൾ ഉണ്ടായത്. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞു ഇന്ദിരയുടെ സഹോദരൻ ഉൾപ്പടെയുള്ള ബന്ധുക്കൾ മൃതദേഹത്തിന് മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി. മൃതദേഹം കിടത്തിയ ഫ്രീസർ വലിച്ചു ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടക്കാതെയാണ് വാഹനം മുന്നോട്ട് എടുത്തത്.

ഇതോടെ സ്‌ഥലത്ത്‌ വൻ സംഘർഷം രൂപപ്പെട്ടു. ജനപ്രതിനിധികളെയും നാട്ടുകാരെയും പോലീസ് ബലം പ്രയോഗിച്ചു പിടിച്ചുമാറ്റി. സംഘർഷം ഉണ്ടായതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. സമരപ്പന്തൽ പോലീസ് ബലമായി പൊളിച്ചു നീക്കുകയും ചെയ്‌തു. രാത്രി വൈകി മുഹമ്മദ് ഷിയാസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ മാത്യു കുഴൽനാടനോടും അറസ്‌റ്റിന്‌ വഴങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

പിന്നെ മണിക്കൂറുകൾ നീണ്ട പോലീസ് നടപടിയെ കുറിച്ച് ആർക്കും അത്ര വ്യക്‌തതയില്ലായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കോതമംഗലം പോലീസ് സ്‌റ്റേഷനിൽ അറസ്‌റ്റിലായവർ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുക, ഉദ്യോഗസ്‌ഥരെ ആക്രമിക്കുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക തുടങ്ങിയ ഗുരുതര വകുപ്പുകളും അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ഒപ്പം പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്‌ടും ചുമത്തിയിരുന്നു. നാല് മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. തുടർന്ന് അരമണിക്കൂറിലേറെ നീണ്ട വാദങ്ങൾക്കൊടുവിൽ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. മന്ത്രിമാരായ പി രാജീവും റോഷി അഗസ്‌റ്റിനും ഇന്ദിരയുടെ കുടുംബത്തെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തി സന്ദർശിച്ചു. കുടുംബത്തിന് സംസ്‌ഥാന സർക്കാരിന്റെ അടിയന്തിര ധനസഹായമായി വനംവകുപ്പിന്റെ പത്ത് ലക്ഷം രൂപ കൈമാറി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

Most Read| 18 വയസിന് മുകളിലുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE