താമരശ്ശേരി: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷനുകീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം കാമ്പസിന്റെ പ്രവർത്തന ഫണ്ട് ശേഖരണാർഥം നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയം. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മറികടക്കാനാണ് ഫൗണ്ടേഷൻ വ്യത്യസ്‌തമായ പരിപാടി സംഘടിപ്പിച്ചത്. നൂറ് രൂപക്ക് ബിരിയാണി വീടുകളിൽ എത്തിക്കുക എന്നതായിരുന്നു ബിരിയാണി ചലഞ്ച്.
പന്ത്രണ്ടായിരം പേരോളമാണ് മുൻകൂട്ടി ബുക്ക് ചെയ്‌തത്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഇത് ഇവരുടെ വീടുകളിൽ എത്തിച്ചു നൽകി. ആദ്യ ഘട്ടത്തിൽ പതിനായിരം പാക്കറ്റ് ബിരിയാണിയാണ് ഉദ്ദേശിച്ചതെങ്കിലും ആവശ്യക്കാർ കൂടിയതോടെ പന്ത്രണ്ടായിരമാക്കി വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
മികച്ച പ്രതികരണമാണ് പരിപാടിക്ക് ആളുകളിൽ നിന്ന് ലഭിച്ചത്. നൂറ്റമ്പതോളം വരുന്ന വളണ്ടിയർമാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാക്കിങ്, വിതരണം എന്നിവയിൽ പങ്കാളികളായി. പൊതുജന കൂട്ടായ്‌മയിൽ പത്തുവർഷത്തോളമായി ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു.
ഫൗണ്ടേഷന് കീഴിൽ ഭിന്നശേഷിക്കാർക്കായി കാരുണ്യതീരം സ്‌പെഷ്യൽ സ്‌കൂൾ, മാനസിക രോഗികൾക്കുള്ള കമ്മ്യൂണിറ്റി ഹെൽത്ത് ക്ളിനിക്ക്, ഡിസാസ്‌റ്റർ മാനേജ്‌മെന്റ് ടീം, മെഡിക്കൽ ഉപകരണവിതരണം, ബ്ളഡ് ബാങ്ക് എന്നിവയാണ് പ്രവർത്തിക്കുന്നത്.
മികച്ച പ്രവർത്തനങ്ങൾക്ക് സംസ്‌ഥാന യുവജനക്ഷേമ ബോർഡിന്റെ 2019-ലെ ജില്ലാ യൂത്ത് ക്‌ളബ്ബ് അവാർഡിന് ഹെൽത്ത് കെയർ ഫൗണ്ടേഷനെ തിരഞ്ഞെടുത്തിരുന്നു.
Read Also: വാർത്തകൾ വ്യാജം; റെയ്‌ഡിൽ വിശദീകരണവുമായി ബിലീവേഴ്‌സ് ചർച്ച്






































