തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജൻസികൾ നടത്തുന്നത്. കരുവന്നൂർ വിഷയം ചൂണ്ടിക്കാട്ടി സർക്കാരിനെ വേട്ടയാടുകയാണ് ഇഡിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഭവങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേതാക്കൾക്ക് ബിനാമികളുടെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പാർട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടക്കില്ലെന്നും വ്യക്തമാക്കി.
സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വലിയ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് കളയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ പാത്രം മൊത്തം കളയുക അല്ലല്ലോ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവനകൾ നാടിന് ചെയ്യുന്നവരാണ്. അതിനകത്ത് സാധാരണ ഗതിയിൽ നിന്ന് വഴിവിട്ടു സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണം. അതിൽ അഭിപ്രായ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹുഭൂരിപക്ഷം സഹകരണ സംഘങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 16,255 സംഘങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 98.5 സഹകരണ മേഖലയും കുറ്റമറ്റതാണ്. കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണ്. അത് പരിഹരിക്കും. കേന്ദ്ര ഏജൻസികളുടെ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
ക്രൈം ബ്രാഞ്ചും പോലീസും കരുവന്നൂർ ബാങ്ക് വിഷയം ക്രിയാൽമകമായി അന്വേഷിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന ഘട്ടത്തിലാണ് പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി എത്തുന്നത്. ഇഡിയുടെ ഉദ്ദേശം വിജയിക്കാൻ പോകുന്നില്ല. അവർ പല ഉദ്ദേശ്യത്തോടെയുമാണ് ഇടപെടുന്നത്. അതൊന്നും സഫലമാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരായ കോഴ ആരോപണം പോലീസ് അന്വേഷിക്കട്ടെയെന്നും, സർക്കാർ സംഘടിപ്പിക്കുന്ന നിയോജക മണ്ഡല സദസുകളിലും കേരളീയം പരിപാടിയിലും പങ്കെടുക്കില്ലെന്ന പ്രതിപക്ഷ തീരുമാനം നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായി ‘2018’