കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ അറസ്‌റ്റിൽ. വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ അരവിന്ദാക്ഷനെ കസ്‌റ്റഡിയിൽ എടുത്തത്. കരുവന്നൂർ കേസിൽ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ കസ്‌റ്റഡിയിൽ എടുക്കുന്നത്.
കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അരവിന്ദാക്ഷനെ ഇഡി കസ്‌റ്റഡിയിൽ എടുത്തത്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായിരുന്നു അരവിന്ദാക്ഷൻ. എസി മൊയ്‌തീന്റെ വിശ്വസ്‌തൻ കൂടിയാണ് അരവിന്ദാക്ഷൻ.
നേരത്തെ ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്‌ഥർ മർദ്ദിച്ചുവെന്ന് ആരോപിച്ച് അരവിന്ദാക്ഷൻ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം 12നായിരുന്നു അരവിന്ദാക്ഷനെ കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മുളവടിക്കൊണ്ടു തന്നെ തുടർച്ചയായി മർദ്ദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിൽ ഇടിച്ചെന്നുമടക്കം അരവിന്ദാക്ഷൻ ആരോപിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യൽ കഴിഞ്ഞു ദിവസങ്ങൾക്ക് ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ഇഡി ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിരുന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് പ്രസിഡണ്ടും സിപിഐഎം നേതാവുമായ എംകെ കണ്ണന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂർ കേസിലെ പ്രതികൾക്ക് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കൂടി ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂരിലെ ക്രമക്കേടുകൾ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!