തിരുവനന്തപുരം: സംസ്‌ഥാനത്തെ സഹകരണ മേഖലയിൽ ചെറിയ തോതിൽ അഴിമതി പ്രശ്‌നങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയെ ഗൗരവമായി കാണണം. സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇഡി നടത്തുന്ന അന്വേഷണത്തിന് എതിരേയും മുഖ്യമന്ത്രി പരോക്ഷ വിമർശനം നടത്തി. സഹകരണ മേഖലയുടെ വളർച്ചയിൽ ചിലർക്ക് അസ്വസ്‌ഥ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. പക്ഷേ, സർക്കാർ കാര്യത്തിൽ അതുപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് പുറത്തുള്ള ഏജൻസികൾ ഇവിടെ ഇടപെടുന്നുണ്ട്. സ്വർണക്കടത്ത് നടന്നപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്‌ഥാന സർക്കാരാണ്. പിന്നെ നടന്നതൊന്നും പറയുന്നില്ല. ഒരു സ്‌ഥാപനത്തിൽ ക്രമക്കേട് നടന്നു. അവിടെ കേന്ദ്ര ഏജൻസി എത്തി. പക്ഷേ പ്രധാന കുറ്റാരോപിതനെ അവർ മാപ്പുസാക്ഷിയാക്കി. രാഷ്‌ട്രീയ പ്രചാരണത്തിന് ആവശ്യമായ കാര്യങ്ങൾ ഇയാളിൽ നിന്നും ലഭിക്കണം. അതിന് വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയത്.
ഒരു ജീവനക്കാരും അനർഹമായി വായ്‌പയെടുക്കരുത്. ബോർഡ് അംഗങ്ങളോ ബന്ധുക്കളോ വായ്‌പ എടുത്തിട്ടുണ്ടോയെന്ന് ജനറൽ ബോഡി പരിശോധിക്കണം. ഓഡിറ്റ് നടത്തി കുറ്റക്കാരായവരെ കണ്ടെത്തിയാൽ പോലീസിന് കൈമാറും. കരുവന്നൂരിൽ നടക്കാൻ പാടില്ലാത്തത് നടന്നു. പക്ഷേ കർശനമായ നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| പ്രാണപ്രതിഷ്‌ഠാ ചടങ്ങിന് ഒരുങ്ങി അയോധ്യ; പ്രധാനമന്ത്രി നാളെ രാവിലെയെത്തും