കൊച്ചി: കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഇഡി. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്നും, ഒന്നാം പ്രതി സതീഷ് കുമാറാണ് ഇടപാടിന് ചുക്കാൻ പിടിച്ചതെന്നും ഇഡി വിചാരണ കോടതിയിൽ വെളിപ്പെടുത്തി. സതീഷിന്റെ ബഹ്റൈനിലുള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്വർക്ക് വഴി പണം കടത്തി, സഹോദരൻ ശ്രീജിത്ത്, സഹോദരി വസന്തകുമാരി, മറ്റു സുഹൃത്തുക്കൾ എന്നിവരുടെ പേരിലും കോടികൾ നിക്ഷേപിച്ചുവെന്നും ഇഡി വെളിപ്പെടുത്തി.
സതീഷിന്റെ വിദേശ ബന്ധം അന്വേഷിക്കണമെന്നും ഇഡി കോടതിയെ അറിയിച്ചു. പണം വിദേശത്തേക്കും തിരികെയും ഒഴുകിയെന്നും, സതീഷിന് വിദേശത്ത് സ്പെയർ പാർട്സ് കടയും സൂപ്പർമാർക്കറ്റ് ബിസിനസുമുണ്ടെന്ന് പറഞ്ഞ ഇഡി, ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഹവാല ഇടപാടിൽ സഹായികളാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശൂർ കോപ്പറേറ്റിവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എസി മൊയ്തീൻ എംഎൽഎക്ക് വീണ്ടും നോട്ടീസ് നൽകും.
കഴിഞ്ഞ ദിവസം തൃശൂരിലും എറണാകുളത്തും നടത്തിയ റെയ്ഡിൽ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബിനാമി ഭൂമി ഇടപാടിന്റെ രേഖകൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയുടെ വിവരങ്ങളും ഇഡി പുറത്തുവിട്ടിട്ടുണ്ട്. ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 25 ബിനാമി രേഖകൾ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് സതീഷ് കുമാറിനായി തയാറാക്കിയ 25 വ്യാജ പ്രമാണങ്ങൾ പിടികൂടിയത്.
ഇന്നലെ നടത്തിയ ഇഡി റെയ്ഡിൽ എസ്ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും 5.5 ലക്ഷം രൂപയുമാണ് ഇഡി പിടിച്ചെടുത്തത്. കരുവന്നൂർ കേസിലെ പ്രതിയായ ഒളിവിലുള്ള അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള അഞ്ചു രേഖകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് അഞ്ചു കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടിയിട്ടുണ്ട്.
Most Read| രണ്ടാം വന്ദേഭാരത്; കാസർഗോഡ്- തിരുവനന്തപുരം റൂട്ടിൽ- ഉൽഘാടനം 24ന്








































