കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ 33, 34ആം പ്രതികളെ മാപ്പുസാക്ഷിയാക്കി. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരെയാണ് മാപ്പുസാക്ഷികളാക്കിയത്. സ്വമേധയാ മാപ്പുസാക്ഷികൾ ആകുന്നുവെന്ന് പ്രതികൾ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി.
ഇഡി നേരത്തെ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇഡി വിലയിരുത്തൽ. സിപിഎം കൗൺസിലർ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ പറഞ്ഞു.
കറുവണ്ണൂരിലെ തട്ടിപ്പ് സിപിഎം അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികൾ ആണെന്നും ഇഡി കോടതിയിൽ പറഞ്ഞു. അനധികൃത വായ്പകൾക്കായി അരവിന്ദാക്ഷൻ ഭരണസമിതിയെ ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. അതേസമയം, കേസ് പരിഗണിക്കുന്നത് 21ലേക്ക് മാറ്റി.
Most Read| ഇന്ത്യയിലെ സുരക്ഷിത നഗരം; ആദ്യപത്തിൽ ഇടംനേടി കോഴിക്കോട്








































