കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി കോഴിക്കോട് ജില്ലയും. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ചു, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്‌ഥാനത്താണ് കോഴിക്കോട്. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.
യുനെസ്‌കോയുടെ ‘സാഹിത്യ നഗരം’ എന്ന പദവിക്ക് ശേഷം കോഴിക്കോടിന് ലഭിക്കുന്ന മറ്റൊരു ഖ്യാതിയാണ് ഈ നേട്ടം. 19 നഗരങ്ങളുടെ പട്ടികയിൽ പത്താം സ്‌ഥാനത്താണ് കോഴിക്കോട്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുള്ള നഗരങ്ങളാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. നഗരങ്ങളിലെ ജനസംഖ്യയുടെ അടിസ്‌ഥാനത്തിൽ എത്ര കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് നോക്കിയാണ് എൻസിആർബി പട്ടിക തയ്യാറാക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങൾ പ്രകാരമുള്ള കേസുകളുമാണ് ഇതിൽ അടിസ്‌ഥാനം. 20 ലക്ഷത്തിന് മുകളിൽ ജനസംഖ്യ വരുന്ന നഗരങ്ങൾക്കാണ് റാങ്കിങ് നൽകുക. കോഴിക്കോട് ഒരു ലക്ഷം ജനങ്ങൾക്ക് 397.5 കുറ്റകൃത്യങ്ങൾ എന്ന രീതിയിലാണ് കണക്ക്. അതേസമയം, 19 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് കൊച്ചിയും ഉണ്ട്. കൊൽക്കത്ത, ചെന്നൈ, കോയമ്പത്തൂർ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ.
അതേസമയം, പുതിയ നേട്ടം നഗരങ്ങളിലെ താമസക്കാർക്ക് കൂടുതൽ സുരക്ഷിതത്വ ബോധം നൽകുമെന്ന് കോഴിക്കോട് ജില്ലാ കലക്‌ടർ സ്‌നേഹിൽ കുമാർ പ്രതികരിച്ചു. നാട്ടുകാരുടെ സൗഹൃദ കാഴ്‌ചപ്പാടാണ് കോഴിക്കോട് സുരക്ഷിത നഗരം എന്ന പദവിക്ക് അർഹമാക്കിയതെന്ന് മേയർ ബീന ഫിലിപ്പും പറഞ്ഞു. അഴിമതിയും കൈക്കൂലിയും പോലീസിന്റെ നിരീക്ഷണത്തിൽ ഉണ്ടെന്ന് മേയർ പ്രതികരിച്ചു. സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ ആഘോഷ പരിപാടിയിൽ പോലീസിനെ അഭിനന്ദിക്കുമെന്നും മേയർ അറിയിച്ചു.
National| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം