കൊച്ചി: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത പ്രതികളുടെ ജാമ്യഹരജി തള്ളി വിചാരണ കോടതി. എറണാകുളം പിഎംഎൽഎ കോടതിയുടേതാണ് വിധി. വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം പിആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
കേസിൽ മൂന്നാം പ്രതിയായ പിആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളും ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നായിരുന്നു ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, തന്റെ ഉടമസ്‌ഥതയിലായിരുന്ന ക്വാറികളിൽ നിന്നും റസ്‌റ്റോറന്റിൽ നിന്നും 2016-17 കാലയളവിൽ പണം അക്കൗണ്ടിലേക്ക് വന്നിരുന്നുവെന്നും ഇതാണ് ഇഡി തെറ്റായി പ്രചരിപ്പിക്കുന്നത് എന്നുമായിരുന്നു അരവിന്ദാക്ഷൻ കോടതിയിൽ വാദിച്ചത്. കേസിൽ ഇഡി രാഷ്‌ട്രീയം കളിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിഎന്നും അരവിന്ദാക്ഷൻ കോടതിയെ ധരിപ്പിച്ചു.
അക്കൗണ്ടിലൂടെ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന് ഇഡി തെറ്റിദ്ധരിപ്പിച്ചെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അരവിന്ദാക്ഷൻ ചൂണ്ടിക്കാട്ടി. അതേസമയം, പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ബാങ്ക് സെക്രട്ടറി അന്വേഷണ ഏജൻസിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. സെക്രട്ടറിക്കെതിരെ നടപടി ആവശ്യമാണെന്നും ഇഡി കോടതിയിൽ വാദിച്ചു.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’