കാസർഗോഡ്: മൊഗ്രാലിൽ അബ്‌ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബാംബ്രോണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
2017 ഏപ്രിൽ 30ന് വൈകിട്ടാണ് പൊട്ടാരിമൂലയിലെ അബ്‌ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വെച്ച് കഴുത്തറുത്ത് കൊന്നത്. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദ് എന്നയാളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു. സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികൾ തല ഉപയോഗിച്ച് ഫുട്‌ബോൾ കളിച്ചുവെന്നാണ് കുറ്റപത്രം.
കേസിൽ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. പോലീസിന് വിവരം നൽകി സിദ്ദിഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിദ്ദിഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമർ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. കൊല്ലപ്പെട്ട സലാമും കൊലപാതക കേസ് പ്രതിയായിരുന്നു.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ