കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ളാസുകൾ എന്നിവയ്‌ക്ക് അവധി ബാധകമാണ്.
അതേസമയം, മുൻ നിശ്‌ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇന്നലെ ജില്ലയിൽ രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌തിരുന്നു.
മംഗൽപ്പാടിയിൽ ഏഴുവയസുകാരൻ സുൽത്താൻ, പുത്തിഗെയിൽ എട്ടുവയസുകാരി ഫാത്തിമ ഹിബ എന്നിവരാണ് മരിച്ചത്. കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിന് പോയ ചാമുണ്ഡിക്കുന്നിലെ അഭിജിത്തിനെ പുഴയിൽ കാണാതായി. പലയിടത്തും മണ്ണിടിച്ചിലും വ്യാപകമാണ്. ദേശീയപാതയിൽ ചെർക്കള ബേവിഞ്ചയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
തിങ്കളാഴ്‌ച മാത്രം 21 വീടുകൾ ഭാഗികമായും ഒരുവീട് പൂർണമായും തകർന്നു. ഇതോടെ രണ്ടുദിവസത്തിനിടെ ജില്ലയിൽ 40 വീടുകൾ തകർന്നു. ഞായറാഴ്‌ച രാത്രിമുതൽ ശക്‌തമായ കാറ്റിനൊപ്പമാണ് മഴ പെയ്‌തത്. ധർമത്തടുക്ക തലമുഗറിൽ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. തലമുഗർ സ്വദേശി മുഹമ്മദ് ഹാരിസ് അത്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. കാസർഗോഡ് റെയിൽവേ സ്‌റ്റേഷനിൽ ഒന്നാം പ്ളാറ്റ്‌ഫോമിനോട് ചേർന്ന് വടക്കുഭാഗത്ത് മണ്ണിടിഞ്ഞിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ