കാസർഗോഡ്: കോവിഡ് രൂക്ഷമായതോടെ നഗരങ്ങളിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് മയപ്പെടുത്തി കാസർഗോഡ് ജില്ലാ കളക്‌ടർ. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നതല്ല. എന്നാൽ ടൗണുകളിൽ ദീർഘനേരം ചെലവഴിക്കുന്നവർക്ക് പരിശോധന ബാധകമെന്നുമാണ് പുതിയ ഉത്തരവ്.
ഏപ്രിൽ 24 മുതൽ കാസർഗോഡ് ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ്, കുമ്പള, ഉപ്പള തുടങ്ങിയ സ്‌ഥലങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ടായിരുന്നു ജില്ലാ കളക്‌ടറുടെ ഉത്തരവ്.
14 ദിവസത്തിന് ഉള്ളിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ മാത്രമേ നഗരങ്ങളിൽ പ്രവേശിക്കാവൂ എന്ന ഉത്തരവ് വിവാദമായതോടെയാണ് മയപ്പെടുത്തിയത്.
പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കോ വ്യക്‌തികൾക്കോ ബാധകമല്ലെന്ന് കളക്‌ടർ അറിയിച്ചു. എന്നാൽ ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം ചെയ്യുന്നവർ, പൊതുയോഗങ്ങൾ നടത്തുന്നവർ എന്നിവർക്ക് ബാധകമാണ്.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ തൽക്കാലം ടെസ്‌റ്റ് ചെയ്യേണ്ടതില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു. നഗരങ്ങളിലെ വ്യാപാര സ്‌ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ -ടാക്‌സി തൊഴിലാളികൾ, ബസുകളിലെ ജീവനക്കാർ എന്നിവർ 14 ദിവസം ഇടവിട്ട് കോവിഡ് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.
ജില്ലയിലെ ചില മേഖലകളിലെ മരണ നിരക്ക് സംസ്‌ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നാണ് വിലയിരുത്തൽ. വാക്‌സിനേഷനിലും, ടെസ്‌റ്റിലും മറ്റ് ജില്ലകളേക്കാൾ പിന്നിലാണ് കാസർഗോഡ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
Read Also: കേരളം നിയന്ത്രണങ്ങളിലേക്ക്; തീരുമാനിക്കാൻ ഉന്നതതല യോഗം ഉടൻ





































