കാസർഗോഡ്: തദ്ദേശ സ്ഥാപനങ്ങളും വനംവകുപ്പും ചേർന്ന് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയായ കാറഡുക്ക ആനപ്രതിരോധ പദ്ധതിയുടെ (കാപ്പ) സർവേ ആരംഭിച്ചു. കാട്ടാന ഭീതിയിൽ കഴിയുന്ന പ്രദേശങ്ങൾക്ക് സംരക്ഷണം തീർക്കുന്ന പദ്ധതി സംസ്ഥാനത്തെ മാതൃകാ പദ്ധതിയായി അംഗീകാരം നേടിയിട്ടുണ്ട്. ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പിൽ നിന്നാണ് സർവേയുടെ തുടക്കം.
കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡിസംബർ ആദ്യവാരം തന്നെ തൂക്കുവേലി നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടാന ശല്യം നേരിടുന്ന അഞ്ച് പഞ്ചായത്തുകളാണ് പദ്ധതിയുടെ ഉപയോക്താക്കൾ. തലപ്പച്ചേരി മുതൽ പുലിപ്പറമ്പ് വരെയുള്ള 29 കിലോമീറ്ററിൽ തൂക്ക് വേലിയാണ് സ്ഥാപിക്കുക.
ചാമക്കൊച്ചി മുതൽ വെള്ളക്കാന വരെയുള്ള എട്ട് കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ വേലി സ്ഥാപിക്കുക. ബാക്കിയുള്ള 24 കിലോമീറ്റർ സൗരോർജ വേലിയുടെ അറ്റകുറ്റപ്പണികളും ചെയ്യും. തൂക്കുവേലിക്കും വന്യമൃഗങ്ങളുടെ വരവ് തടയുന്നതിനായുള്ള മറ്റ് പദ്ധതികൾക്കും പരിപാലനത്തിനുമായി അഞ്ച് കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല.
Read Also: പാസ്പോർട്ടിൽ മുഴുവൻ പേര് ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചു







































