കാസർഗോഡ്: റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമെറ്റ് കൊണ്ട് അടിച്ച് ഓടിരക്ഷപ്പെട്ട വിദ്യാർഥി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന 16-കാരനായ വിദ്യാർഥിയോട് സ്കൂട്ടറിലെത്തിയ ആൾ വഴി ചോദിച്ചു. വഴി പറഞ്ഞു നൽകിയെങ്കിലും ഇയാൾ തൃപ്തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർഥിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ഹെൽമറ്റെടുത്ത് അക്രമിയെ അടിച്ച ശേഷം വിദ്യാർഥി ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ അക്രമിയും സ്കൂട്ടറിൽ രക്ഷപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ഉൾപ്പടെ പരിശോധിക്കുകയാണെന്നും മേൽപ്പറമ്പ് പോലീസ് അറിയിച്ചു.
Most Read| ഒരു കോടി സർക്കാർ ജോലി, സ്ത്രീകൾക്ക് പ്രത്യേക പദ്ധതികൾ; എൻഡിഎ പ്രകടന പത്രിക






































