വാഷിങ്ടൻ: യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്‌ടറായി ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്‌ഞ. സഹോദരി, പങ്കാളി അലക്‌സിസ് വിൽക്കിൻസ് എന്നിവർക്കൊപ്പമാണ് വാഷിങ്‌ടണിൽ നടന്ന ചടങ്ങിൽ കാഷ് പട്ടേൽ എത്തിയത്.
ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം കാഷ് പട്ടേൽ പറഞ്ഞു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നന്ദി പറയുന്നു. സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇന്ത്യൻ യുവാവിന് ഇത്രയും ഉയർന്ന പദവിയിലെത്താനായത് യുഎസ് നൽകുന്ന അവസരങ്ങളുടെ തെളിവാണെന്നും കാഷ് പട്ടേൽ പറഞ്ഞു.
38,000 ജീവനക്കാരുള്ള, 11 ബില്യൻ ഡോളർ വാർഷിക ചിലവുള്ള അന്വേഷണ ഏജൻസിയാണ് എഫ്ബിഐ. കാഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർഥ പേര് കശ്യപ് പട്ടേൽ എന്നാണ്. കാനഡ വഴി യുഎസിലേക്ക് കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് കാഷിന്റേത്. ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തനായ കാഷ് പട്ടേൽ മികച്ച ഒരു അഭിഭാഷകൻ കൂടിയാണ്.
അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് കാഷ് ഔദ്യോഗിക ജീവിതം മാറ്റിവെച്ചിരിക്കുന്നതെന്നാണ് ട്രംപ് നേരത്തെ വിശേഷിപ്പിച്ചിരുന്നത്. 1980 ഫെബ്രുവരി 25ന് ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ ജനിച്ച കാഷ്, റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് രാജ്യാന്തര നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ