
അലമാരയിൽ നിന്ന് ലഭിച്ച സ്വർണവും പണവും ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയാവുകയാണ് ഇടുക്കി കട്ടപ്പന വെള്ളിയാംകുടി സ്വദേശി മരോട്ടിശ്ശേരിൽ ബാബു. എട്ടുവർഷം മുൻപ് ബാബുവിന് അയൽക്കാരനായ വെള്ളിയാംകുടി കൈനിക്കുന്നേൽ ജിജോ സ്‌നേഹസമ്മാനമായി നൽകിയ അലമാരയായിരുന്നു ഇത്.
അധ്യാപകനായ ജിജോ ഒമ്പത് വർഷം മുൻപ് വീടുവിറ്റ് ഫ്‌ളാറ്റിലേക്ക് മാറിയപ്പോൾ വീട്ടിലെ ഒരു സ്‌റ്റീൽ അലമാര തൊട്ടടുത്ത് വാടകയ്‌ക്ക് താമസിക്കുന്ന ബാബുവിനും കുടുംബത്തിനും നൽകുകയായിരുന്നു. 11 വർഷം മുൻപ് അപകടത്തെ തുടർന്ന് മരണമടഞ്ഞ ജിയോയുടെ അമ്മ ഉപയോഗിച്ചിരുന്ന അലമാരയാണ് ജിജോ ബാബുവിന് സൗജന്യമായി നൽകിയത്.
അലമാര പഴക്കം ചെന്നതിനെ തുടർന്ന് ഇതിനുള്ളിലെ ഡ്രോ അടയ്‌ക്കാനും തുറക്കാനും ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ച ബാബു അലമാരയുടെ ഡ്രോ അഴിച്ചെടുത്തപ്പോഴാണ് പഴ്‌സിനുള്ളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവും കണ്ടത്. സ്വർണക്കൊന്തയും മാലയും വളയും കമ്മലും ഉൾപ്പടെ ഏഴുപവനോളം സ്വർണവും 7500 രൂപയുടെ പിൻവലിക്കപ്പെട്ട നോട്ടുകളുമാണ് ഇതിൽ ഉണ്ടായിരുന്നത്.
ഇക്കാര്യം ഉടൻ ബാബു ജിജോയെ അറിയിച്ചു. തുടർന്ന് വാർഡ് കൗൺസിലർ ബീനാ സിബിയുടെ സാന്നിധ്യത്തിൽ ഇവ കൈമാറുകയും ചെയ്‌തു. അമ്മ മരിച്ചതിന് ശേഷം ഈ ആഭരണങ്ങൾ ജിജോ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല.
Health| കുട്ടികളിലെ അമിതവണ്ണം; ഇന്ത്യ രണ്ടാം സ്‌ഥാനത്ത്, സർക്കാർ ഇടപെടൽ വേണം






































