കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. ഇന്തൊനീഷ്യയിലെ സൗത്ത് സുലാവെസി പ്രവിശ്യയിലാണ് സംഭവം. 45 വയസുകാരിയായ ഫരീദയെയാണ് 16 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങിയത്. സംഭവത്തെ തുടർന്ന് ഞെട്ടലിലാണ് നാട്ടുകാർ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫരീദയെ കാണാതാവുന്നത്. കലേംപാങ് എന്ന സ്ഥലത്തെ പ്രാദേശിക മാർക്കറ്റിലേക്ക് പോയ യുവതി പിന്നീട് വീട്ടിലെക്ക് തിരിച്ചുവന്നില്ല. ഏറെ സമയം കഴിഞ്ഞിട്ടും ഫരീദ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് നോനി സമീപവാസികളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു വിവരവും ലഭിക്കാതായതോടെ നാട്ടുകാർ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിലിനിറങ്ങി.
വെള്ളിയാഴ്ച അസാമാന്യമായ രീതിയിൽ വയർ വീർത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടതോടെ നാട്ടുകാർക്ക് സംശയം തോന്നി. നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി വയർ പിളർന്ന് പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. യുവതിയുടെ തല ഒഴികെയുള്ള ഭാഗങ്ങൾ പെരുമ്പാമ്പിന്റെ വയറ്റിലുണ്ടായിരുന്നു. ചുറ്റിവരിഞ്ഞു ശ്വാസം മുട്ടിച്ചു കൊന്നശേഷം യുവതിയെ അപ്പാടെ വിഴുങ്ങിയതാണെന്ന് കരുതുന്നു. ജഡത്തിന്റെ കാലിൽ പാമ്പിന്റെ കടിയേറ്റ പാടും കണ്ടെത്തിയിരുന്നു. പാമ്പിന്റെ വയറിനുള്ളിൽ നിന്നും പുറത്തെടുത്ത ജഡം ആചാരപ്രകാരം സംസ്കരിച്ചു.
റെറ്റിക്കുലേറ്റഡ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണ് ഫരീദയെ വിഴുങ്ങിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പുകളിൽ മുൻനിരയിലാണ് റെറ്റിക്കുലേറ്റഡ് പൈതണുകളുടെ സ്ഥാനം. വിപരീത സാഹചര്യങ്ങളിൽ ഇവർ ആക്രമണകാരികളുമാവും. ശരാശരി 16 അടിക്ക് മുകളിലാണ് ഇവയുടെ നീളം. 170 കിലോഗ്രാമാണ് ഇവയുടെ ശരാശരി ഭാരം. ഇത്രയധികം ശരീരഭാരം ഉള്ളതുകൊണ്ട് തന്നെ ഇരയെ പിടിയിലാക്കി കഴിഞ്ഞാൽ നിമിഷങ്ങൾക്കകം ഞെരിച്ചു കൊല്ലാൻ ഇവയ്ക്ക് സാധിക്കും. തെക്ക്-കിഴക്കൻ രാജ്യങ്ങളിലാണ് ഇവയെ കൂടുതൽ കാണപ്പെടുന്നത്.
Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം