ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ഡെൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ.
ഡെൽഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുകയും കുടിയിറപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്‌താൽ ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മൽസരിക്കാതിരിക്കാമെന്ന് കെജ്‌രിവാൾ അമിത് ഷായോട് പറഞ്ഞു.
”നിങ്ങൾ ചേരി നിവാസികൾക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കുകയും, അവരെ കുടിയിറക്കിയ അതേ ഭൂമിയിൽ എല്ലാവർക്കും നിങ്ങൾ വീട് നൽകുമെന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്‌താൽ ഞാൻ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഈ വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങളെ ഞാൻ വെല്ലുവിളിക്കുകയാണ്. അംഗീകരിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു”- കെജ്‌രിവാൾ പറഞ്ഞു.
ജയിച്ചാൽ ഡെൽഹിയിലെ ചേരികൾ പൊളിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു. ”അവർക്ക് ആദ്യം നിങ്ങളുടെ വോട്ടും പിന്നീട് നിങ്ങളുടെ ഭൂമിയും വേണം. 5 വർഷത്തിനിടെ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ചേരി നിവാസികൾക്കായി 4,700 ഫ്‌ളാറ്റുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂ. നഗരത്തിലെ ചേരികളിൽ കഴിയുന്ന നാലുലക്ഷം കുടുംബങ്ങൾ ദുരിതത്തിലാണ്. ഈ വേഗത്തിലാണെങ്കിൽ എല്ലാവർക്കും വീട് നൽകാൻ 1000 വർഷമെടുക്കും”- ഷാക്കൂർ ബസ്‌തിയിലെ പരിപാടിയിൽ കെജ്‌രിവാൾ പറഞ്ഞു.
അതേസമയം, കെജ്‌രിവാളിന്റെ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു. ”പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള കേന്ദ്ര സർക്കാർ പദ്ധതികളും മറ്റു ചേരി പുനരധിവാസ പദ്ധതികളും എഎപി സർക്കാർ മനപ്പൂർവം വൈകിപ്പിക്കുകയാണ്. 2006 മുതൽ അനധികൃത ചേരികളെ നിയന്ത്രിക്കേണ്ടത് സംസ്‌ഥാന സർക്കാരിന്റെ കടമയാണ്. പക്ഷേ, അവർ സഹകരിച്ചില്ല. ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തെറ്റായ അവകാശവാദങ്ങൾ പറയുകയാണ്”- ഹർദീപ് സിങ് പുരി വ്യക്‌തമാക്കി.
Most Read| ട്രംപിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ്; പ്രധാനമന്ത്രി പങ്കെടുക്കില്ല, പകരം എസ് ജയശങ്കർ