കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; എഎപിയുടെ പ്രതിഷേധം

കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെടുന്നത് സംബന്ധിച്ച് ലെഫ്. ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.

By Trainee Reporter, Malabar News
Aravind Kejriwal,
Image Courtesy: TOI
Ajwa Travels

ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രാവിലെ വിചാരണക്കോടതിയിൽ ഹാജരാക്കും. ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തതിന്‌ പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നലെ രാത്രി കെജ്‌രിവാളിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്‌റ്റഡി ആവശ്യപ്പെടുമെന്നാണ് ഇഡി ഇന്നലെ അറിയിച്ചത്. ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കെജ്‌രിവാളിന്റെ സിവിൽ ലെയ്‌ൻസിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാത്രി ഏഴ് മണിക്ക് ഇഡി സംഘമെത്തിയിരുന്നു. രാത്രി 9.11ന് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം 11.10ന് ഇഡി ഓഫിസിലേക്ക് കൊണ്ടുപോയി.

അതേസമയം, കെജ്‌രിവാളിന് പിന്തുണയുമായി പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് നേതാവ് ഗാന്ധി കെജ്‌രിവാളിന്റെ കുടുംബവുമായി സംസാരിച്ചു. ജനരോഷം നേരിടാൻ ബിജെപി ഒരുങ്ങിക്കോളൂ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പ്രതികരിച്ചു. ഡെൽഹിയിൽ ഇന്ന് രാവിലെ പത്ത് മുതൽ എഎപിയുടെ പ്രതിഷേധമുണ്ട്. ബിജെപി ആസ്‌ഥാനത്തേക്കും പ്രതിഷേധമുണ്ടാകും. ഇതിനിടെ, കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെടുന്നത് സംബന്ധിച്ച് ലെഫ്. ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്.

ഡെൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറാനുള്ള നയം 2021 നവംബർ 17നാണ് പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വികെ സക്‌സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദ്ദേശിച്ചത്.

ക്രമക്കേട് ഉണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട് നൽകിയതോടെ കേസ് രജിസ്‌റ്റർ ചെയ്‌തു. വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു. ടെൻഡർ നടപടികൾക്ക് ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്ക് സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇഡിയും കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.

മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്‌റ്റഡി ഏപ്രിൽ ആറുവരെ നീട്ടി. അതിനിടെ, കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഹൈദരാബാദിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തിരുന്നു.

Most Read| കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനം; സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE