തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായുള്ള സർക്കാരിന്റെ മൂന്നാംവട്ട ചർച്ചയും പരാജയം. ആശമാരുടെ വേതനം പരിഷ്‌കരിക്കുന്നത് പഠിക്കാൻ കമ്മീഷനെ വയ്‌ക്കാമെന്ന സർക്കാർ തീരുമാനം ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ അംഗീകരിച്ചില്ല.
ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ കമ്മീഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്ന് സമരസമിതി വ്യക്‌തമാക്കി. തൽക്കാലം 3000 രൂപ വർധിപ്പിക്കുക എന്നിട്ട് കമ്മീഷനെ വയ്‌ക്കാനുള്ള തീരുമാനം നടപ്പാക്കുക എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടും മന്ത്രിയും മറ്റ് ട്രേഡ് യൂണിയനുകളും അംഗീകരിച്ചില്ലെന്ന് സമരസമിതി നേതാവ് എംഎ ബിന്ദു പറഞ്ഞു.
ചർച്ചയുടെ വിവരങ്ങൾ അറിഞ്ഞതിന് പിന്നാലെ സമരപ്പന്തലിൽ പ്രതിഷേധം ശക്‌തമായി. മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആശമാർ മുദ്രാവാക്യം മുഴക്കി. പണിയെടുക്കുന്ന പാവങ്ങളോട് എത്രത്തോളം ക്രൂരമായാണ് സർക്കാർ പെരുമാറുന്നതെന്നതിന്റെ ഉദാഹരണമായിരുന്നു ചർച്ചയെന്ന് സമര നേതാക്കൾ പറഞ്ഞു. ചർച്ച പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിലേക്ക് കടന്നു.
അങ്കണവാടി ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കിയതിന് സമാനമായാണ് കമ്മീഷനെ വയ്‌ക്കാമെന്ന നിർദ്ദേശം മൂന്നാംവട്ട ചർച്ചയിൽ മന്ത്രി വീണാ ജോർജ് മുന്നോട്ടുവെച്ചത്. ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം മന്ത്രിതല ചർച്ചയും നടന്നു. മന്ത്രിതല ചർച്ച നാളെയും തുടരും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ വെച്ചായിരുന്നു ചർച്ച.
Most Read| മമതയ്‌ക്ക് തിരിച്ചടി; ബംഗാളിലെ 25,000ത്തിലധികം അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കി