തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്‌ധമായേക്കും. എഡിജിപി- ആർഎസ്എസ് ബന്ധത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്‌ക്ക് അനുമതി നൽകി. തുടർച്ചയായി രണ്ടാം ദിവസമാണ് ചർച്ചയ്‌ക്ക് ഭരണപക്ഷം തയാറായിരിക്കുന്നത്.
ഉച്ചയ്‌ക്ക് 12 മുതൽ രണ്ടുമണിവരെയാകും അടിയന്തിര പ്രമേയത്തിൻമേലുള്ള ചർച്ച. അതിനിടെ ഇന്നലെ സ്‌പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ബാനർ ഉയർത്തുകയും ചെയ്‌ത സംഭവത്തിൽ നാല് എംഎൽഎമാരെ താക്കീത് ചെയ്‌തു. മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്‌ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എം രാജേഷാണ് അവതരിപ്പിച്ചത്.
അതേസമയം, സഭയിൽ പ്ളക്കാർഡും ബാനറും ഉയർത്തുന്നത് ആദ്യമായിട്ടല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയാൽ സാധാരണ സ്‌പീക്കർ സഭ നിർത്തിവെച്ച് ചർച്ചയ്‌ക്ക് വിളിക്കും. തുടർന്ന് സഭ തുടരുകയും ചെയ്യും. എന്നാൽ, ഇപ്പോൾ അത്തരം യാതൊരു സമീപനവും ഇല്ലാതെ ഏകപക്ഷീയമായി കൊണ്ടുപോവുകയാണ്.
ഇന്നലെ അടിയന്തിര പ്രമേയം അവതരിപ്പിച്ച ആളെ വിളിക്കുക പോലും ചെയ്യാതെ സഭ നിർത്തിവെച്ചുവെന്ന് സ്‌പീക്കർ പറയുകയായിരുന്നു. സ്‌പീക്കർ നിഷ്‌പക്ഷത പാലിച്ചില്ലെങ്കിൽ മുദ്രാവാക്യം വിളിക്കുന്ന പതിവ് മുമ്പും ഉണ്ടായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ഇന്നലത്തെ സംഭവം ന്യായീകരിച്ചതോടെ പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണ് സ്‌പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറിയതെന്നാണ് വ്യക്‌തമാകുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
സ്‌പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷത്തിന്റെ നടപടി അനുചിതമായിയെന്ന് പ്രമേയത്തെ അനുകൂലിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലത്തെ സംഭവങ്ങൾ ആവർത്തിക്കാതെ അടിയന്തിര പ്രമേയത്തിൽ ചർച്ച ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































