കൊച്ചി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മിക്കയിടങ്ങളിലും ആറുമണിമുതൽ തന്നെ വോട്ടർമാർ ബൂത്തിലെത്തി തുടങ്ങിയിരുന്നു. ആറുമണിക്ക് ശേഷവും വോട്ട് ചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനം ഉള്ളയാൾക്കും സ്ളിപ്പ് നൽകും.
എന്നാൽ, ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല. കന്നി വോട്ടർമാരെ മധുരം സ്വീകരിക്കുക. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ്. 883 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പടെ 2,71,96,936 സമ്മതിദായകരാണുള്ളത്. 2500 പ്രശ്‌നബാധിത ബൂത്തുകൾ സംസ്‌ഥാനത്ത് ഉണ്ടെന്നാണ് പോലീസ് റിപ്പോർട്. 140 കമ്പനി കേന്ദ്രസേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പോലീസും സംസ്‌ഥാനത്ത് ഉണ്ട്.
പോളിങ് ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.75 ആയിരുന്നു പോളിങ്. ഇത് ഇക്കുറി മാറിമറിയുമോ എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്. സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് തുടർ ഭരണം ഉറപ്പിക്കാനുള്ള പ്രചാരണവുമായി രംഗത്തിറങ്ങിയത്. വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും കേരളത്തിൽ ഒരു മാറ്റം വേണമെന്ന വാദവുമായി ബിജെപിയും കളങ്ങളിൽ നിറഞ്ഞിരുന്നു.
അതേസമയം, മോക്ക് പോളിങ്ങിനിടെ പലയിടത്തും വോട്ടർ മെഷീൻ തകരാറിലായി. മെഷീനിലെ പ്രശ്‌നം പരിഹരിച്ച ശേഷമാണ് മോക്ക് പോളിങ് ആരംഭിച്ചത്. ഉടുമ്പൻചോലയിൽ മൂന്ന് ബൂത്തുകളിൽ വോട്ടിങ് കേന്ദ്രങ്ങൾ പണിമുടക്കി. മിക്കയിടങ്ങളിലും ഇത്തരത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ തകരാർ ഉള്ളതായി റിപ്പോർട് ചെയ്യുന്നുണ്ട്.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം





































