തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് കനത്ത പോളിങ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്‌ഥാനത്ത് 77.75% പേർ വോട്ട് രേഖപ്പെടുത്തി. 2021ലേതിനേക്കാൾ കൂടുതലാണിത്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറുമണിവരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർ വരിയിലാണ്.
കോഴിക്കോടും പാലക്കാടും പോളിങ് 80 ശതമാനം കടന്നു. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് ആയതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മേയ് നാലിന് ഫലമറിയാം.
കേരളത്തേക്കാൾ കൂടുതൽ പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പാലക്കാട് ചിറ്റൂരിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് ബിജെപി സ്‌ഥാനാർഥിയുടെ ഫേസ്ബുക്കിൽ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത് വിവാദമായി. ബിജെപി സ്‌ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇടതുമുന്നണി സ്‌ഥാനാർഥി വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്റ് വന്നത്.
ഇത് വലിയ ചർച്ചയായതോടെ മിനിറ്റുകൾക്കുള്ളിൽ പോസ്‌റ്റ് നീക്കം ചെയ്‌തു. എന്നാൽ, ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്നും പ്രണേഷ് രാജേന്ദ്രൻ പറഞ്ഞു.
അതിനിടെ, തൃശൂർ വാണിയംപാറ ഇകെഎംയുപി സ്‌കൂളിൽ നിന്ന് വോട്ട് ചെയ്‌ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-65) ആണ് മരിച്ചത്. തൃക്കരിപ്പൂർ മണ്ഡലത്തിലെ പീലിക്കോട്- പുത്തിലോട് 137ആം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്‌തതായി പരാതി ഉയർന്നു.
കള്ളവോട്ട് തടഞ്ഞ ബൂത്ത് ഏജന്റിനെ മർദ്ദിച്ചുവെന്ന് യുഡിഎഫ് സ്‌ഥാനാർഥി സന്ദീപ് വാര്യർ ആരോപിച്ചു. റീപോളിങ് വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വയനാട് ചെറുകാട്ടൂരിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് പോളിങ് ഓഫീസറെ മാറ്റി. വോട്ട് ചെയ്യനെത്തിയവരോട് താമര ചിഹ്‌നത്തിന് വോട്ട് നൽകാൻ പ്രേരിപ്പിച്ചു എന്ന് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.
മാനന്തവാടി ചെറുകാട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലെ 199ആം നമ്പർ ബൂത്തിലായിരുന്നു സംഭവം. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ്. 883 സ്‌ഥാനാർഥികളാണ് ജനവിധി തേടിയത്. 2,71,96,936 സമ്മതിദായകരാണുള്ളത്. പൊതുവെ, സമാധാനപരമായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































