കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും, വികസന തുടർച്ചയ്‌ക്ക് എൽഡിഎഫ് സർക്കാർ വീണ്ടും വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർസി അമല സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ ഒരു വികസിത കേരളത്തിലേക്ക് നല്ല ചുവടുവച്ചിരിക്കുകയാണ്. ഒരുപാട് നേട്ടങ്ങൾ എല്ലാ മേഖലയിലും നമുക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് തുടരണം. പുരോഗതിക്കും വികസനത്തിനും ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങൾ പൊതുവെ ആഗ്രഹിക്കുന്നത്.
എൽഡിഎഫിന് മാത്രമേ നാടിന്റെ പുരോഗതി പ്രതിബദ്ധതയോടെ മുന്നോട്ട് കൊണ്ടുപോകാനാവൂ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതി നിലനിൽക്കുന്ന സംസ്‌ഥാനമെന്ന പദവി കേരളത്തിനാണ്. അത് എൽഡിഎഫിന്റെ സംസ്‌കാരം കൊണ്ട് നേടിയതാണ്. മറ്റു ഏതെങ്കിലും കൂട്ടർക്ക് ഇതിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിക്ക് എതിരായ ഡാഷ് മോൻ പരാമർശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഡാഷ് അവരവർ പൂരിപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് അഴിമതി കാര്യത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ടത് ഇദ്ദേഹമാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തെപ്പറ്റി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയ്‌ക്ക് യുഡിഎഫ് മുന്നേറുന്നുണ്ട്. മൂന്ന് മാസത്തിനിടയിൽ നാലുതവണയാണ് കേരളം മുഴുവൻ ചുറ്റി സഞ്ചരിച്ചത്. ജനവികാരം കൃത്യമായി മനസിലാക്കിയ ശേഷമാണ് നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറയുന്നത്.
വോട്ടർമാരുടെ നീണ്ട നിര നല്ലൊരു ട്രെൻഡാണ്. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അവർ സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ നിരീക്ഷിക്കും. നല്ല രാഷ്‌ട്രീയ ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. ഒരാൾ പോലും വോട്ട് ചെയ്യാതെ പോകരുതെന്നും വിഡി സതീശൻ പറഞ്ഞു.
നിർണായക തിരഞ്ഞെടുപ്പാണിതെന്നും വലിയ മാറ്റം ജനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് വിശ്വാസമെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഞങ്ങൾ ചോദിക്കുന്ന അവസരം നിയമസഭയിൽ പോയി ബഹളം വെക്കാനല്ല, കമ്പ്യൂട്ടർ തകർക്കാനല്ല, ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനാണ്. കേരളത്തിൽ തൂക്കുസഭ വരും. ബിജെപി നിർണായക ശക്‌തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മിക്കയിടങ്ങളിലും ആറുമണിമുതൽ തന്നെ വോട്ടർമാർ ബൂത്തിലെത്തി തുടങ്ങിയിരുന്നു. ആറുമണിക്ക് ശേഷവും വോട്ട് ചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനം ഉള്ളയാൾക്കും സ്ളിപ്പ് നൽകും. എന്നാൽ, ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല. കന്നി വോട്ടർമാരെ മധുരം സ്വീകരിക്കുക.
140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ്. 883 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പടെ 2,71,96,936 സമ്മതിദായകരാണുള്ളത്. 2500 പ്രശ്‌നബാധിത ബൂത്തുകൾ സംസ്‌ഥാനത്ത് ഉണ്ടെന്നാണ് പോലീസ് റിപ്പോർട്. 140 കമ്പനി കേന്ദ്രസേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പോലീസും സംസ്‌ഥാനത്ത് ഉണ്ട്. പോളിങ് ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ







































