വാനോളം ആവേശമായി കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം, മറ്റന്നാൾ ബൂത്തിൽ

കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്.

By Senior Reporter, Malabar News
kerala election
Rep. Image
Ajwa Travels

തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. പോർവിളികളും വിവാദങ്ങളും ആരോപണങ്ങളും കൊഴുപ്പിച്ച പ്രചാരണച്ചൂട് അവസാനിച്ചപ്പോൾ, ഇനി ഭരണം ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

താളമേളങ്ങളുടെയും വർണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ ഒത്തുചേർന്നു. വൈകീട്ട് ആറുമണിയോടെയാണ് പരസ്യപ്രചാരണം അവസാനിച്ചത്. അവസാന ലാപ്പിൽ സംസ്‌ഥാനമാകെ ആവേശം അലതല്ലി. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്‌ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായി. നാടും നഗരവും ഒന്നാകെ ആവേശം അലയടിച്ചുയർന്നപ്പോൾ കൊട്ടിക്കലാശം ഇക്കുറി അത്യന്തം ആകർഷകമായി.

അതേസമയം, കൊട്ടിക്കലാശത്തിൽ ചിലയിടങ്ങളിൽ കയ്യാങ്കളിയിലേക്കെത്തി. ഹരിപ്പാടുണ്ടായ സംഘർഷത്തിൽ എസ്‌ഐ ഉൾപ്പടെ പത്തോളം പേർക്ക് പരിക്കേറ്റു. കൊട്ടിക്കലാശത്തിന് പിന്നാലെ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. 6.15ഓടെ നഗരമധ്യത്തിലെ ഏഴിക്കകത്ത് ജങ്ഷനിലായിരുന്നു സംഭവം.

കളമശ്ശേരിയിലും ഉന്തും തള്ളുമുണ്ടായി. വടകരയിലും തർക്കമുണ്ടായി. പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തിനിടയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വാഹനത്തിന് മുകളിൽ സിപിഎം പ്രവർത്തകർ കയറിയതാണ് സംഘർഷത്തിന് കാരണമായത്.

കേരളത്തെ തകർത്ത പ്രളയം മനുഷ്യ നിർമിതമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽ നിന്ന് വിട്ടുനിന്നു. പാലായിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പനും കൊട്ടിക്കലാശത്തിൽ പങ്കെടുത്തില്ല. അതിന്റെ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ നിശബ്‌ദ പ്രചാരണമാണ്. മറ്റന്നാൾ ബൂത്തിൽ. മുന്നണികൾക്കൊപ്പം തന്നെ കേരള ജനതയുടെയും നെഞ്ചിടിപ്പേറുകയാണ്.

കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. സംസ്‌ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.

2500 പ്രശ്‌നബാധിത പോളിങ് ബൂത്തുകളടക്കം സംസ്‌ഥാനത്തെ ആകെ 30,471 പോളിങ് ബൂത്തിലേക്കുമായി 28,209 പോലീസ് ഉദ്യോഗസ്‌ഥരാണ് തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. ലോക്കൽ പോലീസിന് പുറമെ സ്‌പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റു ഡിപ്പാർട്ടുമെന്റുകളിലെ സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ, 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്‌നാട് പോലീസും തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്. മേയ് നാലിന് ഫലമറിയാം.

Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE