കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച കോഴിക്കോട്ട് പ്രചാരണ റാലിയിൽ പങ്കെടുക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന മഹാറാലിയെ രാഹുൽ അഭിസംബോധന ചെയ്യും.
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന ദേശീയ- സംസ്ഥാന നേതാക്കൾ രാഹുലിനൊപ്പം വേദി പങ്കിടും. പ്രിയങ്ക ഗാന്ധി ഉൾപ്പടെ എഐസിസിയിലെ മുതിർന്ന നേതാക്കളും വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
ഉമ്മൻചാണ്ടി ഹെൽത്ത് ഇൻഷുറൻസ്, വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ തുടങ്ങി യുഡിഎഫിന്റെ അഞ്ച് ഗ്യാരണ്ടികൾ കേരളത്തിൽ ഈമാസം ആദ്യം രാഹുൽ ഗാന്ധി അവതരിപ്പിച്ചിരുന്നു.
ബിജെപിയുടെ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറ്റു ബിജെപി മുഖ്യമന്ത്രിമാർ, നേതാക്കൾ തുടങ്ങിയവരും സംസ്ഥാനത്ത് എത്തുന്നുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും രണ്ടുതവണയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണയും കേരളത്തിൽ ബിജെപിയുടെ പ്രചാരണത്തിനെത്തും.
Most Read| പശ്ചിമേഷ്യൻ പ്രതിസന്ധി; വാണിജ്യ എൽപിജി വിഹിതം 20% വർധിപ്പിച്ച് കേന്ദ്രം



































