ന്യൂഡെൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാലുമണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. ഏപ്രിൽ 17നും 24നും ഇടയിലായിരിക്കും കേരളത്തിൽ വോട്ടെടുപ്പ് എന്നാണ് വിവരം.
വിഷു, ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക. ഒറ്റ ഘട്ടമായിട്ടാവും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. മേയ് ആദ്യവാരമാകും ഫലപ്രഖ്യാപനം. ബംഗാളിൽ തീവ്ര വോട്ടർപട്ടിക പൂർത്തിയാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാൻ ഇടയാക്കിയത്.
ബംഗാളിൽ അന്തിമ വോട്ടർപട്ടിക സംബന്ധിച്ച് പരാതി നൽകാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. ഫെബ്രുവരി 28ആം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇതിൽ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. പശ്ചിമബംഗാളിൽ അഞ്ച് ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കിയേക്കും. കഴിഞ്ഞതവണ ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. അസമിൽ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































