തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന്. മേയ് നാലിനാണ് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പും കേരളത്തിനൊപ്പം നടക്കും. മാർച്ച് 16ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23ആം തീയതിയാണ്.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണ്. കേരളത്തിൽ പ്രചാരണത്തിന് ഇനി 24 ദിവസം മാത്രമാണ് മുന്നിലുള്ളത് എന്നത് മുന്നണികൾക്ക് നെഞ്ചിടിപ്പേറി. എട്ടു ദിവസത്തിനകം പത്രിക സമർപ്പിക്കണമെന്നത് രാഷ്ട്രീയ കക്ഷികൾക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം 29നും നടക്കും. എല്ലായിടത്തും മേയ് നാലിന് തന്നെയാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉടനീളം 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. വോട്ടർമാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.38 കോടി സ്ത്രീ വോട്ടർമാരും 1.31 പുരുഷ വോട്ടർമാരും പട്ടികയിലുണ്ട്.
ഇത്തവണ 4.24 ലക്ഷം വോട്ടർമാരാണ് ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഒരുങ്ങുന്നത്. വോട്ടിങ് മെഷീനുകളിൽ ഇക്കുറി വോട്ടർമാർക്ക് സ്ഥാനാർഥികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി സ്ഥാനാർഥികളുടെ കളർ ഫോട്ടോ മെഷീനിൽ പതിപ്പിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഡെൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































