തിരുവനന്തപുരം : സംസ്‌ഥാനത്ത് 14ആം നിയമസഭയുടെ അവസാന നിയമസഭാ സമ്മേളനം ജനുവരി 8ആം തീയതി മുതല്‍ ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി നിശ്‌ചയിച്ചത്.
8ആം തീയതി ആരംഭിക്കുന്ന സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നത് 15ആം തീയതിയാണ്. ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ മന്ത്രി തോമസ് ഐസക് ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. കൂടാതെ കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന പൊതു നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആത്‌മ വിശ്വാസത്തിലായിരിക്കും ഭരണപക്ഷം നിയമസഭയില്‍ എത്തുക. അതേസമയം സര്‍ക്കാരിനെതിരെ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള നീക്കമാകും പ്രതിപക്ഷം നടത്തുക. ജനുവരി 22ആം തീയതിയാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.
Read also : ഡോളർ കടത്ത്; സ്‌പീക്കറെ ഉടൻ ചോദ്യം ചെയ്യും; നോട്ടീസ് നൽകുമെന്ന് കസ്‌റ്റംസ്