കൽപ്പറ്റ/ തൃശൂർ: വീറും വാശിയും നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണ അങ്കത്തിന് വയനാട്ടിലും ചേലക്കരയിലും കൊടിയിറക്കം. ഏറെ ആവേശകരമായിരുന്നു രണ്ടിടത്തെയും കൊട്ടിക്കലാശം. നാളെ നിശബ്‌ദ പ്രചാരണം നടക്കും. മറ്റന്നാൾ വിധിയെഴുത്ത്. നെഞ്ചിടിപ്പിലാണ് സ്‌ഥാനാർഥികളും നേതാക്കളും.
യുഎഡിഎഫ് തിരുവമ്പാടിയിലും എൽഡിഎഫ് കൽപ്പറ്റയിലെ എൻഡിഎ ബത്തേരിയിലുമാണ് കലാശക്കൊട്ട് നടത്തിയത്. ബത്തേരിയിൽ രാവിലെ യുഡിഎഫ് കലാശക്കൊട്ട് നടത്തിയിരുന്നു. നൂറുകണക്കിന് ആളുകളാണ് കലാശക്കൊട്ടിൽ പങ്കെടുത്തത്. ഞാൻ വീണ്ടും തിരിച്ചുവരുമെന്ന് മലയാളത്തിൽ പറഞ്ഞാണ് യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ബത്തേരിയിൽ നിന്ന് മടങ്ങിയത്.
വയനാട്ടിൽ ചരിത്രം കുറിക്കുമെന്ന് എൻഡിഎ സ്‌ഥാനാർഥി നവ്യ ഹരിദാസ് പറഞ്ഞു. മണ്ഡലത്തിൽ വികസനം നടത്താൻ സാധിക്കുന്ന ആൾ എംപിയായി വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും വോട്ടെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും എൽഡിഎഫ് സ്‌ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു.
തിരുവമ്പാടിയിൽ പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തിയാണ് കൊട്ടിക്കലാശം നടത്തിയത്. നൂറുകണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തു. സത്യൻ മൊകേരി കൽപ്പറ്റ കേന്ദ്രീകരിച്ചാണ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ചിലവഴിച്ചത്. ബത്തേരിയിൽ നവ്യ ഹരിദാസും റോഡ് ഷോ നടത്തി. ക്രെയിനിന് മുകളിലേക്ക് കയറി നവ്യ ഹരിദാസ് പ്രവർത്തകരെ അഭിസംബോധന ചെയ്‌തു.
ചേലക്കരയിൽ കോൺഗ്രസ് സ്‌ഥാനാർഥി രമ്യ ഹരിദാസിനായി പാലക്കാട്ടെ സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലെത്തി. പാലക്കാട്ടെ തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ നിന്നാണ് രാഹുലെത്തിയത്. ‘ചേലക്കര ഞങ്ങൾ തൂക്കും’ എന്ന രാഹുലിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയ്യടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.
എൽഡിഎഫ് സ്‌ഥാനാർഥി യുആർ പ്രദീപിന്റെ പ്രചാരണത്തിന് കെ രാധാകൃഷ്‌ണൻ എംപി നേതൃത്വം നൽകി. ബിജെപി സ്‌ഥാനാർഥി കെ ബാലകൃഷ്‌ണനൊപ്പം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കലാശക്കൊട്ടിനെത്തി. കെ രാധാകൃഷ്‌ണൻ എംപിയായി വിജയിച്ച ഒഴിവിലാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ്.
രാഹുൽ ഗാന്ധി വയനാട് എംപി സ്‌ഥാനം ഒഴിഞ്ഞതോടെ വയനാട്ടിൽ തിരഞ്ഞെടുപ്പ് കളമൊരുങ്ങി. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് എംപിയായതോടെ പാലക്കാടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങി. ഈ മാസം 20നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്. കൽപ്പാത്തി രഥോൽസവം പ്രമാണിച്ചു തിരഞ്ഞെടുപ്പ് തീയതി നീട്ടുകയായിരുന്നു. 23നാണ് മൂന്നിടത്തെയും വോട്ടെണ്ണൽ.
Most Read| ‘ഒരു മതവും മലിനീകരണം പ്രോൽസാഹിപ്പിക്കുന്നില്ല’; ഡെൽഹിയിൽ നിയന്ത്രണം വേണം’