തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. കേന്ദ്ര നിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ടാണ് ബിൽ. തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിൽ ഉയർന്നുകേട്ട പ്രധാന വിഷയമായിരുന്നു വന്യമൃഗ ശല്യം. നിരവധിപ്പേരുടെ ജീവനും കൃഷി ഉൾപ്പടെയുള്ള ജീവനോപാധികളും വന്യമൃഗ ശല്യം മൂലം ഇല്ലാതായി. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം കേരളത്തിൽ ശക്‌തമായിരുന്നു.
അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് തന്നെ ഇതിന് ഉത്തരവിടാൻ കഴിയും. അടുത്ത നിയമസഭാ യോഗത്തിൽ ബിൽ അവതരിപ്പിക്കുമെങ്കിലും സങ്കീർണമായ കടമ്പകളാണ് മുന്നിലുള്ളത്.
ഗവർണറുടെയും രാഷ്‌ട്രപതിയുടെയും ഉൾപ്പടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നത് സംബന്ധിച്ച ബില്ലും അംഗീകരിച്ചു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം