കോഴിക്കോട്: വഖഫ് നിയമഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനാണ് കേരളം ശ്രമിക്കുന്നത്. വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഓഫീസ് കെട്ടിടം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”ആശങ്കയോടെ ഉറ്റുനോക്കുന്ന കാര്യങ്ങളാണ് വഖഫുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ നടക്കുന്നത്. ന്യൂനപക്ഷങ്ങൾ എന്തൊക്കെയോ കവർന്നെടുക്കുന്നെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം. ഇത്തരം നീക്കം കേരളത്തിലുമുണ്ടായി. ആ നീക്കത്തെ മുതലെടുക്കാൻ കേരളത്തിൽ വർഗീയ ശക്തികൾ ശ്രമിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകുന്നു. കേന്ദ്ര സർക്കാർ നയത്തിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് കേരള സർക്കാരിനുള്ളത്”- മുഖ്യമന്ത്രി പറഞ്ഞു.
”വിവിധ ന്യൂനപക്ഷ പദ്ധതികൾക്കായി ഈ സർക്കാർ 106 കോടി രൂപ നീക്കിവെച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾ കേന്ദ്രം വെട്ടികുറയ്ക്കുകയാണ്. വിദ്യാർഥികൾക്കുള്ള ഫെലോഷിപ്പ് തുക കേന്ദ്രം വെട്ടിക്കുറച്ചു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന സമഗ്ര വികസനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്”- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം നൽകിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോർട് അംഗീകരിച്ചത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































