തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ഭേദഗതി ബില്ലിലെ ചില വ്യവസ്‌ഥകൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും മത സ്‌ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.
വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ അല്ലെങ്കിൽ കാലാവധിക്കുള്ളിൽ പുതുക്കൽ ലഭ്യമാകാതെയായാലോ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്‌ഥ. ഇത്തരം സാഹചര്യങ്ങളിൽ വിദേശ സംഭാവനകളും ആസ്‌തികളും കേന്ദ്ര സർക്കാർ നിർണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്‌ഥ.
പൊതുതാൽപര്യത്തിന് വിരുദ്ധമായ നടപടികൾ ഉണ്ടായാൽ പരിഹരിക്കാൻ 2010ലെ വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമം പര്യാപ്‌തമാണ്. തികച്ചും സാങ്കേതിക കാരണങ്ങളാൽ പോലും അനുമതി ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാവുകയോ അപേക്ഷ സമർപ്പിക്കുന്നതിൽ വൈകല്യം സംഭവിക്കുകയോ ചെയ്‌താൽ ആസ്‌തികൾ കേന്ദ്ര സർക്കാർ താൽക്കാലികമായി ഏറ്റെടുക്കുന്ന അവസ്‌ഥയിലേക്കാണ് ഇത് നയിക്കുന്നത്.
നിശ്‌ചിത സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നാൽ ബന്ധപ്പെട്ട ആസ്‌തികൾ കണ്ടുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ഉയരുന്ന ഈ ആശങ്കകൾ ഗൗരവമുള്ളതാണ്.
ഇത് സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പടെ മുന്നോട്ടുവെച്ച ആശങ്കകൾ ദുരീകരിച്ച ശേഷം വേണം ബില്ലിന്റെ തുടർനടപടി സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വിഡി. സതീശനും ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എഫ്‌സിആർഎ പുതിയ ബില്ല് ഭരണഘടനാ വിരുദ്ധവും വ്യക്‌തികളുടെയും പൗരൻമാരുടെയും അവകാശത്തിന് വിരുദ്ധവുമാണെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.
Most Read| ‘റബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനം’




































