തിരുവനന്തപുരം: സിനിമയിലെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സിനിമാ മേഖലയിലെ ചൂഷണങ്ങളിൽ ഇരയ്ക്ക് ഉപാധികളില്ലാത്ത പിന്തുണയും വേട്ടക്കാരോട് സന്ധിയില്ലാത്ത പോരാട്ടവുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് പലവട്ടം സർക്കാർ സ്വന്തം പ്രവൃത്തി കൊണ്ട് അടയാളപ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന ഗൗരവകരമായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്.
കമ്മിറ്റിയുടെ ശുപാർശ അതീവ ഗൗരവത്തോടെ പരിഗണിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ശുപാർശ നടപ്പാക്കുന്നതിന് പൊതു മാർഗരേഖ കൊണ്ടുവരാൻ സർക്കാരിന് അവകാശം ഉണ്ടോയെന്ന് പരിഗണിച്ചു. സിനിമക്കുള്ളിൽ വെല്ലുന്ന തിരക്കഥകൾ പാടില്ല. മാന്യമായ തൊഴിൽ സാഹചര്യവും വേതനവും ഉറപ്പാക്കാൻ സംഘടനകൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കമ്മിറ്റിയുടെ പ്രധാന ശുപാർശയായ ജുഡീഷ്യൽ ട്രൈബ്യൂണൽ രൂപീകരിക്കാൻ നടപടികൾ സ്വീകരിക്കും. സമഗ്രമായ സിനിമാ നയത്തിന്റെ കരട് തയ്യാറാക്കാൻ ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. കരട് നയം ചർച്ച ചെയ്യാനായി കോൺക്ളേവ് നടത്തും. പ്രൊഡക്ഷൻ ബോയ് മുതൽ എല്ലാവരെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ ചർച്ച നടത്തിയാവും സിനിമാ നയം രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉണ്ട്. റിപ്പോർട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19ന് സർക്കാരിന് കത്ത് നൽകി. സിനിമാ മേഖലയിലെ വനിതകൾ കമ്മിറ്റിക്ക് മുമ്പാകെ നടത്തിയത് രഹസ്യാൽമകമായ വെളിപ്പെടുത്തലുകളാണ്.
അതുകൊണ്ട് ഒരു കാരണവശാലും വിവരം പുറത്തുവിടരുതെന്നും ഹേമ ആവശ്യപ്പെട്ടിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നില്ല. മൊഴി നൽകിയ ആരെങ്കിലും പരാതി നൽകിയാൽ നടപടി സ്വീകരിക്കും. പ്രതികൾ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| പ്രധാനമന്ത്രി യുക്രൈനിലേക്ക്; പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം കീവിലെത്തും