തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നിഷേധിച്ചു ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. തന്നെയും കർണാടക സർക്കാരിനെയും താഴെയിറക്കാൻ കർണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരുക്ഷേത്രത്തിൽ പഞ്ചബലി നടത്തിയെന്നായിരുന്നു ശിവകുമാറിന്റെ ആരോപണം.
കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വെച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡികെ ആരോപിച്ചിരുന്നു. കർണാടകത്തിൽ വരാനിരിക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തെ കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിന്റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും ഡികെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്.
തനിക്കും സിദ്ധാരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്‌ട്രീയ നേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് വിവരം.
Most Read| സിദ്ധാർഥന്റെ മരണം; മുഴുവൻ പ്രതികൾക്കും ഉപാധികളോടെ ജാമ്യം