തിരുവനന്തപുരം: എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തെയാണ് മന്ത്രി പരിഹസിച്ചത്. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്ന് മന്ത്രി പറഞ്ഞു. അവർ എന്താണ് മനസിലാക്കിയതെന്ന് അറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം ഉൾപ്പടെയുള്ള മലബാർ മേഖലയിൽ സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ മറ്റു സംഘടനകൾക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും എസ്എഫ്ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം, സീറ്റ് വിഷയത്തിൽ നാളെ വിദ്യാഭ്യാസ സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
മലപ്പുറത്ത് പ്ളസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് നിയമസഭയിൽ കണക്കുകൾ നിരത്തി മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. സമരങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞിരുന്നു. അതിനിടെ, സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കെഎസ്യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം ചെയ്തു.
സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ അറിയിച്ചു. ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്യു നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. കോഴിക്കോട് ആർഡിഡി ഓഫീസിൽ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!