ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറുപേരിൽ അഞ്ചുപേരും മലയാളികളെന്ന് സ്‌ഥിരീകരണം. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുട്ടിക്കാട്ടുചാലിൽ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റിൻ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.
സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലെ ഗിചാക്കയിൽ വെച്ച് നിയന്ത്രണം നഷ്‌ടമായി താഴ്‌ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 27 പേർക്ക് പരിക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്‌റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.
14 മലയാളികളും, കർണാടക, ഗോവ സ്വദേശികളും സംഘത്തിൽ ഉണ്ടെന്നാണ് വിവരം. തിങ്കളാഴ്‌ച പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ന്യാഹുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്‌ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!