ബത്തേരി: മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുലർച്ചയോടെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴോടെ അഞ്ഞൂറോളം വാഹന യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്. മുത്തങ്ങയ്‌ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസപ്പെടുകയായിരുന്നു. രാത്രിയിൽ വനപാത കർണാടക അടച്ചതിനാൽ തിരിച്ച് പോകാനും ഇവർക്ക് സാധിച്ചില്ല.
അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വ്യാഴാഴ്‌ച രാത്രി 12.15ന് തുടങ്ങിയ രക്ഷാദൗത്യം ഇന്ന് പുലർച്ചെ 1.45നാണ് പൂർത്തിയായത്. കനത്ത മഴയത്തായിരുന്നു രക്ഷാപ്രവർത്തനം. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്ക് സുൽത്താൻ വാട്‌സ്‌ആപ് കൂട്ടായ്‌മ ഭക്ഷണമെത്തിച്ചു.
വനംവകുപ്പിന്റെയും അഗ്‌നിശമന സേനയുടെയും സ്വകാര്യ വ്യക്‌തികളുടെയും വാഹനങ്ങളും കെഎസ്ആർടിസി ബസും കൊണ്ടുവന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വനമേഖലയിൽ നിന്ന് കേടായ വാഹനങ്ങളിൽ ചിലത് പുറത്തെടുക്കാനായിട്ടില്ല. നിലവിൽ വെള്ളക്കെട്ട് ഒഴിവായതിനാൽ വനപാതയിലൂടെയുള്ള ഗതാഗതം പുനഃസ്‌ഥാപിച്ചിട്ടുണ്ട്.
അതിനിടെ, കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റിവരികയായിരുന്നു ലോറി. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കുഞ്ഞും. കോഴിക്കോട് സ്വദേശിയാണ് അർജുൻ.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി