തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയ ഗവർണറെ മുഖവിലയ്‌ക്ക് എടുക്കാതെ സംസ്‌ഥാന സർക്കാർ. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് വിശദീകരണം നൽകാൻ ഹാജരാകില്ല. സർക്കാർ അറിയാതെ ഇവരെ വിളിച്ചുവരുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചു.
ഇതോടെ ഗവർണർക്കും സർക്കാരിനും ഇടയിൽപെട്ട് ഉദ്യോഗസ്‌ഥർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നേരിട്ട് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കാനേ കഴിയൂ എന്നുമുള്ള വാദമാണ് സർക്കാർ ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്‌ഭവനിലെത്തി വിശദീകരിക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചിരുന്നത്.
ഇന്ന് വൈകിട്ട് നാലിന് ഡിജിപി ദർവേഷ് സാഹിബിനെയും കൂട്ടിയെത്താനാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരനുള്ള കത്തിൽ ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം തള്ളുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇരു വിഷയങ്ങളിലും ഗവർണർ ആവശ്യപ്പെട്ട റിപ്പോർട് സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
പിവി അൻവർ എംഎൽഎയുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ അടിയന്തിര റിപ്പോർട് തേടി മൂന്നാഴ്‌ച മുമ്പാണ് ഗവർണർ കത്തയച്ചത്. സർക്കാരിന്റെ മറുപടി തയാറാക്കിയെങ്കിലും രാജ്ഭവനിലെക്ക് കൈമാറുന്നതിന് മുൻപ് തടയുകയായിരുന്നുവെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്ന സ്വർണക്കടത്ത്, ദേശവിരുദ്ധ പ്രവർത്തനം തുടങ്ങിയ പരാമർശങ്ങളിൽ ഗവർണർ വിശദീകരണം തേടിയത് നാല് ദിവസം മുമ്പാണ്. ഏതെല്ലാം ദേശവിരുദ്ധ പ്രവർത്തനത്തിന് ഈ പണം ഉപയോഗിക്കുന്നു, ആരെല്ലാമാണ് പിന്നിൽ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നായിരുന്നു നിർദ്ദേശം.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം