കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ വഞ്ചിയൂർ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ നേരിട്ട് ഹാജരായി വസ്‌തുതകൾ വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
ബന്ധപ്പെട്ട രേഖകളുമായി വ്യാഴാഴ്‌ച ഹാജരാകാനാണ് ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശം. പൊതുവഴികൾ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുൻ ഉത്തരവുകൾ ഒട്ടേറെ ഉണ്ടായിട്ടും ഇതെല്ലാം നഗ്‌നയായി ലംഘിക്കപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്‌തമാക്കിയ കോടതി, ആരാണ് യോഗത്തിൽ പങ്കെടുത്തതെന്നും ആരാഞ്ഞു. സ്വമേധയാ കേസെടുക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് വ്യക്‌തമാക്കിയാണ് എസ്‌എച്ച്‌ഒയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചത്.
ഡിസംബർ അഞ്ചിന് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വഞ്ചിയൂർ കോടതി, പോലീസ് സ്‌റ്റേഷന് മുന്നിലൂടെ പോകുന്ന റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എൻ പ്രകാശാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കോടതിയെ സമീപിച്ചത്. കേസ്, പരിഗണിച്ച കോടതി, ഈ വിഷയത്തിൽ സുപ്രീം കോടതിയും 2021 ജനുവരി എട്ടിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ







































