തിരുവനന്തപുരം: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
അടുത്ത 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ആയിരിക്കും. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ വൈകീട്ട് 5.30വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്ക്-കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ തീവ്രന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 21 വരെ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!